വൈകി വന്ന അംഗീകാരം ..

ഒടുവില്‍ മലയാളത്തെ നമ്മള്‍ അംഗീകരിച്ചു !.

വൈകിയെങ്കിലും കേരളം മാതൃഭാഷയെ അംഗീകരിച്ചു. സര്‍ക്കാര്‍ ജോലിയ്ക്ക് മലയാളം പഠനം നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സൂചിപ്പിക്കുന്നത് അതാണ്.

പ്രാദേശികവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണീ തീരുമാനം എന്ന അഭിപ്രായം ഉയര്‍ന്നേക്കാമെങ്കിലും ഭാവിയില്‍ വീട്ടില്‍ മാത്രം സംസാരിക്കുന്ന ഭാഷയായി മലയാളം അധപതിക്കാതിരിക്കാന്‍ ഈ തീരുമാനം സഹായകമാകും.   നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍

ജീവിക്കണമെങ്കില്‍ പോലും പ്രാദേശിക ഭാഷ അറിയണമെന്നിരിക്കെ  നമ്മള്‍ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മടിക്കേണ്ട കാര്യമില്ല.

സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ മലയാളം പഠിച്ചേപറ്റൂ എന്നുവരുന്നതോടെ നമ്മുടെ സര്‍ക്കാര്‍ സിലബസിനും പ്രചാരമേറും, അങ്ങിനെ ഇംഗ്ലീഷ് മീഡിയം, സി ബി സ് ഇ വിദ്യാലയങ്ങള്‍ രണ്ടാം ഭാഷയായെങ്കിലും മലയാളം പഠിപ്പിക്കാന്‍ നിര്‍ബന്ധിതമാകു.ഇനി നമ്മുടെ ഊഴമാണ്, മലയാള ഭാഷ നമ്മുടെ ഹൃദയത്തിലെ പൂവാണെന്നും, സ്‌നേഹത്തിന്റെ തുടിപ്പാണെന്നും, കോപത്തിന്റെ കറുപ്പാണെന്നും മനസ്സിലാക്കി  ഭാഷയെ നില നിര്‍ത്തേണ്ട പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നമ്മളും പങ്കാളികളാകണം.

ഓര്‍ക്കുക, ഭാഷയുടെ അതിജീവനം നമ്മുടെ സംസ്കാരത്തിന്‍റെയും, പൈതൃകത്തിന്‍റെയും പ്രതികരണങ്ങളുടെയും അതിജീവനം കൂടിയാണ് !!!

അതുകൊണ്ട് നിറഞ്ഞ മനസോടെ നമുക്കു ഇതിനെ സ്വാഗതം ചെയ്യാം ….

വരും, ആണുങ്ങള്‍ പര്‍ദ്ദയിടും കാലം …

സ്ത്രീകള്‍ക്ക് പ്രത്യേക ബാങ്ക് എന്നതുപോലുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ നമുക്ക് വേണോ ?. ആരോഗ്യകരമായ ഒരു സമൂഹത്തിനാവശ്യം സ്ത്രീപക്ഷവും പുരുഷപക്ഷവുമല്ല, മാനവികതയുടെ വിശാലപക്ഷമാണ്.

യാഹൂവിലോട്ടു ഇനി ‘ലോഗിന്‍’ ചെയ്യണം ..

വീട്ടില്‍ നിന്നും പണിയെടുക്കുന്നവരും പണിയെടുക്കാതെ സ്ഥാപനത്തിനിട്ട്  പണിയുന്നവരും ഇനി ഓഫീസില്‍ ഹാജരായേ മതിയാകൂ എന്ന് യാഹൂവിന്റെ പുതിയ മേധാവി ‘മറിസ്സ മേയര്‍’ ഉത്തരവിറക്കി. വര്‍ക്കിംഗ്‌ ഫ്രം ഹോം (ഡബ്ലിയൂ.എഫ്.ഹെച്ച്)   സൗകര്യം യാഹൂവില്‍ നിന്നും ജൂണ്‍ മാസത്തോടെ അപ്രത്യക്ഷമാകും. യാഹൂ മാനവശേഷി വിഭാഗം കമ്പനിയിലെ ജീവനക്കാര്‍ക്കയച്ച മെമ്മോ യുടെ പകര്‍പ്പ് ഇവിടെ വായിക്കാം – allthingsd.com/20130222/physically-together-heres-the-internal-yahoo-no-work-from-home-memo-which-extends-beyond-remote-workers/

ഇത് കൊലച്ചതിയാണെന്നും യാഹൂ ഇതിനു അനുഭവിക്കുമെന്നും ‘മരിസ്സ’ ചരിത്രത്തില്‍ വര്‍ഗ്ഗ വഞ്ചകിയായി അറിയപ്പെടുമെന്നും മറ്റുമുള്ള അഭിപ്രായങ്ങളുമായി  അവിടെ പണിയെടുക്കുന്നവരും മറ്റു ഐ ടി കമ്പനികളിലെ ജീവനക്കാരും രംഗത്ത് വന്നതോടെ സംഗതി വിവാദമായി. കാര്യം എന്തൊക്കെയായാലും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന  യാഹൂവിന്  ഈ ഘട്ടത്തില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഈ തീരുമാനം കൂടിയേ തീരൂ എന്ന മറുപടിയിലൂടെ യാഹൂ നയം വ്യക്തമാക്കി – www.newser.com/story/163549/yahoo-defends-work-at-home-ban.html

ഐ സി ഐ സി ഐ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളും യാഹൂവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ  നിയമങ്ങള്‍ പുന:പരിശോധിക്കും എന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.. സൊ സംഗതി സീരിയസാണ്  !.

സെല്ലുലോയ്ഡ്

ചരിത്രത്തെ ദൃശ്യഭാഷയില്‍ പുനരാവിഷ്കരിക്കുക എന്നത് ദുഷ്കരമാണ്, പ്രത്യേകിച്ചും കഥ ഉരുത്തിരിയുന്ന കാലഘട്ടത്തിലെ  ഭാഷ, വേഷം ചര്യകള്‍, സംസ്കാരം  ഇവയൊടെല്ലാം നീതി പുലര്‍ത്തി ഒരു ചലച്ചിത്രം പിറവിയെടുക്കുക എന്നത് വല്ലപ്പോഴും മാത്രം  സംഭവിക്കുന്ന കാര്യമാണ്. അങ്ങിനെ നോക്കിയാല്‍ സെല്ലുലോയ്ഡ് സമീപകാല മലയാള സിനിമാ ചരിത്രത്തിലെ വിസ്മയമാണ്!!

ഇത് മലയാളത്തിലെ ആദ്യ  നായിക പി. കെ റോസിയുടെ  നിര്‍ഭാഗ്യമായ ജീവിതത്തെ വരച്ചു കാട്ടുന്നു ..  മലയാളത്തിന്റെ ആദ്യനായികയായി സധൈര്യം ക്യാമറയ്ക്ക് മുന്നില്‍ നിന്നു എന്ന കുറ്റത്തിന് അവളെ വെള്ളിത്തിരയില്‍ നിന്ന് മാത്രമല്ല ജീവിതത്തിന്റെ തന്നെ സ്ക്രീനില്‍ നിന്നും ആട്ടിയോടിച്ചു.. വെള്ളിത്തിരയില്‍ സ്വന്തം മുഖം  ഒരുനോക്കു പോലും  കാണാന്‍ കഴിയാതെ ആ രാത്രിയില്‍ ഇരുട്ടിലേക്ക് മാഞ്ഞ ആ നഷ്ട  നായിക  മലയാള  സിനിമയുടെ വെളിച്ചത്തിന്റെ മറുപുറമായി എന്നും അവശേഷിക്കും..

 

ചിത്രത്തിന് മുന്‍പേ തന്നെ celluloidile ഗാനങ്ങള്‍  ശ്രോതാക്കളുടെ മനം കവര്‍ന്നു കഴിഞ്ഞു . റഫീക്ക് അഹമദ് എഴുതി യം ജയചന്ദ്രന്‍  ഈണമിട്ട , ‘കാറ്റേ കാറ്റേ’ എന്ന  ഗാനം വരികളുടെ ലാളിത്യം കൊണ്ടും സംഗീതത്തിന്റെ മിതത്വം കൊണ്ടും  സമീപകാല മലയാള ഗാനങ്ങളില്‍  നിന്നും വ്യത്യസ്തമാണ്‌ .. വേറിട്ട ശബ്ധതിലുടെ , വൈകം വിജയലഷ്മി മലയാളം സിനിമയുടെ ഭാഗമാവുകയാണ്‌ ഈ ചിത്രത്തിലുടെ..

അയ്യര്‍ക്കുമുകളില്‍ നാടാര്‍വരുന്നതിലെ അസഹിഷ്ണുതയാണ് , ജീവിച്ചിരിക്കുമ്പോള്‍ ആരാലും അറിയപ്പെടാതെ  മലയാളസിനിമാ പിതാവ് ദയനീയമായി മരിക്കാന്‍ കാരണമെന്ന് ഈ സിനിമ വെട്ടിത്തുറന്ന് പറയുന്നു. സമ്മതിക്കണം കമലിന്റെ ആ ചങ്കൂറ്റത്തെ.

മലയാള സിനിമയുടെ “ജാതി” വെളിപ്പെടുത്തിയ സെല്ലുലോയ്ഡ് ജനം ഏറ്റുവാങ്ങി ക്കഴിഞ്ഞു, ഒപ്പം വിവാദങ്ങളും സെല്ലുലോയ്ഡിനെ  പിന്തുടരുകയാണ്..

 

എങ്കിലും ഒരു കാര്യം എനിക്ക് പറയാതെ വയ്യ.. ഞാനീ സിനിമ കണ്ടത് സംസ്കാരം മുഖത്തെഴുതി നടക്കുന്ന ഒരു നാട്ടില്‍ (ബാംഗ്ലൂര്‍ ) നിന്നുമാണ് . വിരലിലെണ്ണാവുന്ന ആളുകളുമായി ആ സ്ക്രീന്‍ പങ്കുവെച്ചപ്പോള്‍ ഞാനൊന്നാഗ്രഹിച്ചു .. അവസാനം മനസ് തുറന്നൊരു കയ്യടി .. പക്ഷെ ആകെ രണ്ടു കയ്കള്‍ മാത്രം ശബ്ദിച്ചു .. എന്റെയും എന്റെ കുട്ടുകാരന്റെയും .. ആ ചേതനയറ്റ സമൂഹമാണോ മലയാള സിനിമയുടെ പ്രതിസന്ധി ? .. അതോ തന്റെ സംസ്കാരം വിളിച്ചോതാന്‍ മലയാളെതര സിനിമകള്‍ മാത്രം കണ്ടു നടക്കുന്ന യുവത്വമോ ?